AVG Views
കേരളവും ഭൂകമ്പവും/

കേരളവും ഭൂകമ്പവും

ഭൗമശാസ്ത്രപഠനങ്ങളുടെ വെളിച്ചത്തില്‍ ഭൂകമ്പസാദ്ധ്യത വിരളമാണെന്നു ഭൗമശാസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നതും 20% മാത്രം ഭൂകമ്പസാദ്ധ്യതയുള്ളതുമായ ഇന്ത്യയിലെ ഒന്നാം മേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നതുമായ പ്രദേശമായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂര്‍-ഖിലാരി മേഖല. ഈ പ്രദേശത്ത് പരമാവധി പ്രതീക്ഷിക്കാവുന്ന ഭൂകമ്പങ്ങളുടെ തീവ്രത 4.5 മാത്രവും. എന്നാല്‍ നമ്മുടെ നിഗമനങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട്. 1993 സെപ്റ്റംബര്‍ 30ന്, 6.3 തീവ്രതയുള്ള ഒരു വന്‍ഭൂകമ്പം ഈ പ്രദേശത്ത് സൃഷ്ടിക്കപ്പെടുകയും പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

14-ാം നൂറ്റാണ്ടില്‍ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് റിക്ടര്‍സ്‌കെയിലില്‍ 5.7 തീവ്രതയുള്ള ഒരു വന്‍ഭൂകമ്പം ഉണ്ടായി എന്നും കേരളത്തിന്റെ ഭൂപ്രകൃതിയില്‍ പോലും വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ അതു പര്യാപ്തമായി എന്നുമാണ് പഴയ ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്. തത്ഫലമായി ഉണ്ടായതാണത്രെ എറണാകുളത്തെ 'വൈപ്പിന്‍ ദ്വീപ്.' പടിഞ്ഞാറന്‍ തീരത്തെ പ്രമുഖ തുറമുഖനഗരവും കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വളര്‍ച്ചക്കു കാരണഭൂതനായ സെന്റ് തോമസ് അപ്പസ്‌തോലന്‍ വന്നിറങ്ങിയ 'മുസിരിസ്' (ഇന്നത്തെ കൊടുങ്ങല്ലൂര്‍) തുറമുഖത്തിന്റെ നാശവും ഈ ഭൂചലനത്തെ തുടര്‍ന്നു |ണ്ടായതായി കരുതപ്പെടുന്നു.

സമീപകാലത്ത്

പിന്നീട്, 18-ാം നൂറ്റാണ്ടില്‍ മലബാറിലും തിരുവിതാംകൂറിലും തിരുവനന്തപുരത്തും ഭൂചലനം അനുഭവപ്പെട്ടതായി രേഖകളില്‍ കാണുന്നു. എന്നാല്‍ ഇവയൊന്നും വന്‍നാശനഷ്ടങ്ങള്‍ വിതറുവാന്‍ പര്യാപ്തമായവ ആയിരുന്നില്ല. മധ്യതിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ പൂഞ്ഞാര്‍, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നീ പ്രദേശങ്ങളില്‍ 1821, 1823, 1841, 1849, 1856 എന്നീ വര്‍ഷങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 3നും 4.30നും ഇടയ്ക്ക് തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1953 ഫെബ്രുവരി 25ന് ഉണ്ടായ ഭൂചലനം പാലാ പട്ടണത്തിനു ചുറ്റുമുള്ള ഏകദേശം 800 ച.കിലോ മീറ്റര്‍ സ്ഥലത്ത് ശക്തമായി അനുഭവപ്പെട്ടതായി ചരിത്രരേഖകളില്‍ കാണുന്നു. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിലും അതിനു മുന്‍പുള്ള കാലഘട്ടങ്ങളിലും, ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗവും വനപ്രദേശമായിരുന്നുവെന്നതും ജനസാന്ദ്രത തീരെ കുറവായിരുന്നുവെന്നതുമാണ് വസ്തുത. മാത്രമല്ല ഭൂചലനങ്ങള്‍ രേഖപ്പെടുത്തുവാനുള്ള ആധുനിക സംവിധാനമായ ഭൂചലന നിരീക്ഷണ കേന്ദ്രങ്ങള്‍ (Sesimic observtion stations) ഒന്നും തന്നെ അക്കാലത്ത് കേരളത്തില്‍ ഇല്ലായിരുന്നു.

ചരിത്രരേഖകളില്‍ ഇപ്രകാരം ചില രേഖപ്പെടുത്തലുകള്‍ കാണുന്നുവെങ്കിലും അവയുടെ കൃത്യത എത്ര ശതമാനമാണെന്ന് നമുക്കറിയില്ല. മാത്രമല്ല ഈ അടുത്തകാലം വരെ കേരളത്തിലെ ജനങ്ങളില്‍ ഏറിയ പങ്കും ഭൂകമ്പം എന്ന പ്രതിഭാസത്തെക്കുറിച്ച് അറിവില്ലാത്തവരോ കേട്ടു കേള്‍വി ഉള്ളവരോ മാത്രമായിരുന്നു.

കോട്ടുളിയില്‍

1984ല്‍ വടക്കന്‍ കേരളത്തിലെ കോഴിക്കോടിനടുത്ത് കോട്ടൂളി എന്ന സ്ഥലത്ത് വന്‍ ശബ്ദത്തോടുകൂടി ഭൂമി തുടര്‍ച്ചയായി കുലുങ്ങിയപ്പോള്‍ കേരളീയര്‍ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. വാര്‍ ത്താമാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്കുകകൂടി ചെയ്തപ്പോള്‍ ഈ സംഭവം ജനങ്ങളുടെ ഇടയില്‍ ഏറെ ചര്‍ച്ചാവിഷയമായിത്തീര്‍ന്നു. പേടിപ്പെടുത്തുന്ന മുഴക്കവും കുലുക്കവും ഇവിടെ അനുഭവ പ്പെട്ടുവെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നുംതന്നെ ഉണ്ടായില്ല. ക്രമേണ ജനങ്ങള്‍ ഈ സംഭവത്തെ ഏറെക്കുറെ മറക്കുകയും ചെയ്തു. എന്നാല്‍ 1988 ജൂണ്‍ ഏഴിന് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് ഭൂചലനമുണ്ടാവുകയും നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 4.5 ആയിരുന്നു ഈ ഭൂചലനത്തിന്റെ തീവ്രത. തുടര്‍ച്ചയായി ചില ചലനങ്ങള്‍ അനുഭവപ്പെട്ടുവെങ്കിലും ക്രമേണ അവയും അപ്രത്യക്ഷമായി.

പിന്നീട് 1993-ല്‍ തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി, ദേശമംഗലം, വരവൂര്‍ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായി. ഈ ഭൂചലനങ്ങള്‍ ഏതാനും മാസങ്ങള്‍ നീണ്ടു നിന്നു. കേരളത്തില്‍ വളരെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു ഇത്. വലിയ ഭൂകമ്പങ്ങള്‍ക്കു മുന്നോടിയായി കരുതപ്പെടുന്ന മുന്‍കമ്പനങ്ങള്‍ (foreshock) ആണോ ഇവയെന്ന് ഭൗമശാസ്ത്രജ്ഞന്മാര്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി. ഏതാണ്ട് ഇതേ കാലയളവില്‍ ലാത്തൂര്‍-ഖിലാരി മേഖലകളിലുണ്ടായ വന്‍ഭൂകമ്പമാണ് ഇങ്ങനെ ചിന്തിക്കുവാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3വരെയുള്ള ഭൂചലനങ്ങള്‍ മാത്രമേ ഈ പ്രദേശത്ത് അക്കാലത്ത് സൃഷ്ടിക്കപ്പെട്ടു

ശരാശരി തീവ്രത

കേരളത്തിലെ ഭൂകമ്പങ്ങളുടെ മുന്‍കാലചരിത്രം പരിശോധിച്ചാല്‍ അവയുടെ ശരാശരി തീവ്രത 3നും 4.5നും ഇടയിലാണ് എന്നതാണ്. എന്നാല്‍ 2000 ഡിസംബര്‍ 12നും 2001 ജനുവരി 7നും ഉണ്ടായ ഭൂചലനങ്ങള്‍ കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കിടിലം കൊള്ളിക്കുകയും ഭയചകിതരാക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 4.8 ഉം 5ഉം ആയിരുന്നു ഇവയുടെ തീവ്രത. ഈ രണ്ടു ചലനങ്ങളും മധ്യതിരുവിതാംകൂര്‍ പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങള്‍ക്കു കാരണമായി നിരവധി വീടുകള്‍ക്ക് വിള്ളലുകള്‍ വീഴുകയും ചിലത് ഭാഗികമായി തകരുകയും ചെയ്തു. ഈ ചലനങ്ങളുടെ ഉത്ഭവകേന്ദ്രം ഈരാറ്റുപേട്ടയ്ക്കടുത്ത മേലുകാവ് ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട. തിക്കോയി, അടുക്കം, തലനാട്, |തിടനാട്, ഭരണങ്ങാനം തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലാണ് കൂടുതല്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായത്. ശക്തമായ ഈ ഭൂചലനങ്ങളെ തുടര്‍ന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ ഭയവിഹ്വലരാവുകയും വീടിനു വെളിയില്‍ അഭയം തേടുകയുമുണ്ടായി. ഏറെജനങ്ങള്‍ ഭീതിമൂലം മണിക്കൂറുകളോളം പ്രാര്‍ത്ഥനാലയങ്ങളില്‍ ചെലവഴിക്കുന്നതും ഈ ലേഖകന്‍ നേരില്‍ കാണുവാനിടയായി.

പിന്നീട് 2001 ഫെബ്രുവരി മാസത്തില്‍ കേരളത്തിലെ കൊല്ലം, മലപ്പുറം, ത്യശൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. മധ്യകേരളത്തിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണം എന്ന സ്ഥലത്ത് ഏതാനും കിണറുകളില്‍ തിരയിളക്കവും ഉണ്ടായി. പിന്നീട് ഈ പ്രതിഭാസം കേരളത്തിന്റെ വിവിധപ്രദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഏറെ തീവ്രതയേറിയ മേലുകാവ് ഭൂകമ്പത്തിന്റെ അനുബന്ധമായി ഉണ്ടായ ദ്വിതീയ പ്രതിഭാസമായിരുന്നു ഇവയെങ്കിലും ഈ സംഭവങ്ങള്‍ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭീതിയുടേതായ അന്തരിക്ഷം സൃഷ്ടിക്കുകയും അവരില്‍ അരക്ഷിതാവസ്ഥ ഉളവാക്കുകയും ചെയ്തു എന്നതാണ് വസ്തുത.

Tags:
Related Post