ഏറെ അനുയോജ്യമായ താരതമ്യമാണിത്. എന്തു വൈവിധ്യമാണ് നമ്മുടെ ഈ ഭൂമിക്ക്! കാട്ടാറുകള്‍, കാനനച്ചോലകള്‍, പര്‍വതങ്ങള്‍, താഴ്വാരങ്ങള്‍, തടാകങ്ങള്‍, അഗാധഗര്‍ത്തങ്ങള്‍, കുതിച്ചു പായുന്ന ജലപ്രവാഹങ്ങള്‍, നയനാനന്ദകരമായ വെള്ളച്ചാട്ടങ്ങള്‍! പൊന്നരഞ്ഞാണം ഭൂമിക്കു ചാര്‍ത്തിയതുപോലെ കാണപ്പെടുന്ന നീര്‍ച്ചാലുകള്‍, പുഴകള്‍, പൂവനങ്ങള്‍! ചന്നംപിന്നം പെയ്യുന്ന മഴത്തുള്ളികളുടെ കിലുക്കം, അലസമായി ഒഴുകിയെത്തുന്ന ഇളംകാറ്റ്, മരുഭൂമികള്‍, മണലാരണ്യങ്ങള്‍, ഘോരവനങ്ങള്‍, വെള്ളിച്ചൂരല്‍ ചുറ്റുംപോലെ ഭൂമിയിലേക്ക് പതിക്കുന്ന ഇടിമിന്നലുകള്‍, ചുഴലിക്കാറ്റും പേമാരിയും വെള്ളപ്പൊക്കവും, ഭൂകമ്പങ്ങള്‍, ഉരുള്‍പൊട്ടലുകള്‍.
നീലപൊന്‍മാനുകളും കസ്തൂരിമാനും സ്വര്‍ണമരാളങ്ങളും ഉള്‍ക്കൊള്ളുന്ന ജീവജാല വൈവിധ്യങ്ങളുടെ കലവറ. ദിനരാത്രങ്ങളും, കോകിലനാദം സ്വാഗതമരുളുന്ന സംക്രമപുലരികളും, സായം സന്ധ്യകളും, ഋതുഭേദങ്ങളുടെ ഘോഷ യാത്രയും ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മറ്റേതു ഗ്രഹത്തിലാണുള്ളത്? ചന്ദ്രകളഭം ചാര്‍ത്തിയുണരുന്ന മനോഹര തീരങ്ങളും, തീരത്തെപുല്‍കുവാന്‍, മാറോടണച്ച് ആശ്ലേഷിക്കുവാന്‍ വെമ്പുന്ന തിരമാലക്കൂട്ടങ്ങളും നമ്മുടെ ഭൂമിക്കു മാത്രം സ്വന്തം. അങ്ങനെ കണ്ണി നു കുളിര്‍മയേകുന്ന, എത്രയെത്ര കാഴ്ച്ചകള്‍കൊണ്ടി സമ്പദ് സമ്യദ്ധമാണി ഭൂമി. അതുകൊണ്ടാണല്ലോ കവി ചോദിക്കുന്നത്. കൊതിതീരുംവരെ ഈ 'ഉദ്യാനഭൂമി'യില്‍ ജീവിച്ചു മരിച്ചവരുണ്ടോ എന്ന്.
സൗരയൂഥ കുടുംബത്തിലെ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രാണവായു നിറഞ്ഞ ഒരു വായുമണ്ഡലവും ജൈവമണ്ഡലവും ജലമണ്ഡലവും നമ്മുടെ ഭൂമിക്കു മാത്രം അവകാശപ്പെട്ടതാണ്. നമുക്കും, ലോകത്തിലെ കോടാനുകോടി ജനങ്ങള്‍ക്കും ആതിഥ്യമരുളുന്ന 'ഭൂമി'യെന്ന മനോഹരഗ്രഹത്തിന്റെയും ഭൂമിയെ ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തിന്റെയും ഉദ്ഭവത്തേക്കുറിച്ച് നാം അല്ലെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ. ഈ വിഷയത്തെ സംബന്ധിച്ച ഒരു ശാസ്ത്ര വിശകലനമാണ് ഇന്ന് ശാസ്ത്രപഥത്തില്‍
ഏതാണ്ട് 6400 കിലോമീറ്ററിലെ വ്യാസാര്‍ത്ഥമുള്ള ഭൂമിയെന്ന ഗോളവും, സൂര്യനുചുറ്റുമുള്ള മറ്റു ഗ്രഹങ്ങളും എങ്ങനെ ജന്മംകൊണ്ടു! ഭൂമിയും, ഭൂമിയിലെ സര്‍വചരാചരങ്ങളും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു എന്ന ആധ്യാത്മിക - ദൈവിക ചിന്താധാരയെ മാറ്റിനിര്‍ത്തി, ഒരു ശാസ്ത്രീയവീക്ഷണത്തിലൂടെ ഈ വിഷയം അപഗ്രഥിക്കുവാന്‍ ശ്രമിക്കുകയാണിവിടെ.
ആദിമകാലത്ത്, അതായത് ഇന്നു നാം കാണുന്ന ഈ പ്രപഞ്ചം ഉരുത്തിരിഞ്ഞ വേളയില്‍, സൗരയൂഥത്തിലെ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളുമെല്ലാം. ഒരേ മൂലവസ്തു(നെബുല)വില്‍ നിന്നും രൂപപ്പെട്ടുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത് സൗരയൂഥത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ഇതില്‍ 'നെബുലസിദ്ധാന്ത' മാണ് ഇന്ന് ഏറെ സ്വീകാര്യമായിട്ടുള്ളത്.
വളരെ സാവധാനം ഭ്രമണം ചെയ്തു കൊണ്ടിരുന്നതും ഏതാനും ലക്ഷംകോടി കിലോമീറ്റര്‍ വ്യാസമുണ്ടായിരുന്നതുമായ ഒരു 'ആദിമ നെബുല'യില്‍ നിന്നാണ് തുടക്കം. കാലക്രമേണ ഈ ആദിമനെബുല (അതിവിപുലവും ഉയര്‍ന്ന ഊഷ്മാവുമുള്ള വാതകങ്ങളുടെ കൂട്ടായ്മ) സങ്കോചിച്ച് പതിനാല് ലക്ഷം കിലോമീറ്റര്‍ മാത്രം വ്യാസമുള്ള സൂര്യനായി മാറിയെന്നാണ് അനുമാനം. ഇപ്രകാരമുള്ള നെബുല ചുരുങ്ങിയപ്പോള്‍ അതിന്റെ ആനുപാതിക അളവിന്റെ ഭ്രമണവേഗം വര്‍ധിക്കേണ്ടതായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. പകരം ആദിമ നെബുല ചുരുങ്ങികൊണ്ടിരുന്നപ്പോള്‍ തന്നെ നെബുലയുടെ ഉള്ളില്‍ നിന്നു തന്നെ പുറത്തേക്ക് കോണിയ വേഗം (Angular Momentum) കൈമാറപ്പെട്ടു. ജ്വലിച്ചുതുടങ്ങിയ സൂര്യനില്‍ നിന്നും പുറത്തേക്കു പ്രവഹിച്ച വേഗതയേറിയ കണങ്ങളും വളരെയേറെ കോണീയ വേഗം വഹിച്ചുകൊണ്ടുപോയി എന്നു കരുതപ്പെടുന്നു.
സൂര്യന്‍ ജ്വലിച്ചുതുടങ്ങിയതോടുകൂടി ബാക്കിയുള്ള നെബുലയുടെ ഭാഗങ്ങള്‍ക്ക് അതില്‍പോയി ലയിക്കുവാന്‍ കഴിയാതെ വന്നു. വികിരണമര്‍ദ്ദവും, സൗരവാതകങ്ങളും അവയെ ശക്തമായി പുറത്തേയ്ക്കു തള്ളി. അങ്ങനെ സൂര്യന്റെ സമീപ പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനിലയും, ദൂരേക്കുപോകുംതോറും കുറഞ്ഞ താപനിലയും എന്ന സ്ഥിതിയുണ്ടായി.
നെബുലയുടെ പരിണാമത്തെക്കുറിച്ചും, സൗരയൂഥ പിറവിയെക്കുറിച്ചും കമ്പ്യൂട്ടര്‍ സഹായത്തോടെ നടത്തിയിട്ടുള്ള പഠനങ്ങളില്‍ നിന്നും താഴെപ്പറയുന്നനിഗമനങ്ങളിലാണ് ശാസ്ത്രസമൂഹം എത്തിച്ചേര്‍ന്നിട്ടുള്ളത്.
ഉയര്‍ന്ന താപനിലയിലും ഖരമായി മാറുവാന്‍ കെല്പുള്ള ഇരുമ്പ്, നിക്കല്‍, സിലിക്ക തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ തന്മാത്രകള്‍ കൂടിച്ചേര്‍ന്ന് ആദ്യം ചെറുതരികള്‍ ഉണ്ടായി. പിന്നീട് ഈ ചെറുതരികള്‍ പരസ്പരം കൂടിച്ചേര്‍ന്ന വലിയ കഷണങ്ങള്‍ രൂപപ്പെട്ടു. ഇത്തരം കഷണങ്ങള്‍ കൂടിച്ചേര്‍ന്ന ഗ്രഹശകലങ്ങളും (Planetesismals), അവ കൂടിച്ചേര്‍ന്ന് ഗ്രഹങ്ങളും രൂപപ്പെട്ടു. ഇപ്രകാരം സൗരയൂഥഗ്രഹങ്ങള്‍ രൂപപ്പെട്ട വേളയില്‍, സൂര്യനോടടുത്ത നാലുഗ്രഹങ്ങളിലും ഇരുമ്പ്. നിക്കല്‍, പാറകള്‍ ഇവയുണ്ടാകുകയും, വ്യാഴം മുതലങ്ങോട്ടുള്ള ഗ്രഹങ്ങളില്‍ ധാരാളം ജലം ഉണ്ടാകുകയും, നെപ്ട്യൂണ്‍ മുതല്‍ മീതൈന്‍ പോലുള്ള വാതകങ്ങള്‍ ഘനീഭവിക്കുകയും ചെയ്തു. നെപ്ട്യൂണിലും പ്ലൂട്ടോയിലുമൊക്കെ ഈ പദാര്‍ത്ഥങ്ങള്‍ കാമ്പില്‍ തന്നെ കാണപ്പെടുന്നുമുണ്ട്.
സൂര്യന്‍ ജ്വലനമാരംഭിച്ചതോടുകൂടി ഭൗമഗ്രഹമേഖലയില്‍ നിന്ന് തള്ളിമാറ്റപ്പെട്ട വാതകങ്ങളും ജലബാഷ്പവും ഏറെ അകലമെത്തിയപ്പോള്‍ ഹിമമായി മാറി.ഇതോടെ ഈപ്രദേശത്തെ ഗ്രഹശകലങ്ങളുടെ രൂപീകരണം കൂടുതല്‍ വേഗത്തിലായി. ഈ ഗ്രഹശകലങ്ങളെ ആവാഹിച്ചെടുത്തുകൊണ്ട് വ്യാഴം വളരെ വലുതാകുകയും ഭൂമിയുടെ 10 മുതല്‍ 15 വരെ മടങ്ങ് പിണ്ഡമുള്ള ഗ്രഹമായി മാറുകയും ചെയ്തു. തന്മൂലം വ്യാഴത്തിന് ഹൈഡ്രജന്‍ പോലുള്ള വാതകങ്ങളെപ്പോലും ആകര്‍ഷിച്ച് സ്വന്തം ഭാഗമാക്കുവാനുള്ള കഴിവുണ്ടായി. വര്‍ധിച്ചുവരുന്ന ഗുരുത്വബലം സമീപത്തുള്ള നെബുലയെ മുഴുവനും വ്യാഴം പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം പോലും സൃഷ്ടിച്ചു. അങ്ങനെ സൗരയൂഥ കുടുംബത്തിലെ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യാഴം ഒരു ഗ്രഹഭീമനായി മാറി.
അവശിഷ്ട നെബുല വേണ്ടത്ര ഉണ്ടായിരുന്നുവെങ്കില്‍ വ്യാഴവും സൂര്യനെ പോലെ മറ്റൊരു നക്ഷത്രമായി മാറിയേനെ. ചൊവ്വ ചെറുഗ്രഹമായതിന്റെ മുഖ്യകാരണവും വ്യാഴം ഭീമനായി മാറിയതുതന്നെ. കാരണം ചൊവ്വയുടെ ഭാഗങ്ങളായിത്തീരേണ്ട ഗ്രഹശകലങ്ങളെ തട്ടിയെടുത്താണ് വ്യാഴം വളര്‍ന്നത്. വ്യാഴത്തിന്റെ ഈ 'പിടിച്ചുപറി' അഥവാ 'കയ്യേ റ്റം' നടന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ മറ്റൊരു ഗ്രഹംകൂടി രൂപംകൊണ്ടേനെ. ഇങ്ങനെ പൂര്‍ണരൂപം കൈവരിക്കാനാവാതെ പോയ ഗ്രഹശകലങ്ങളാണ് 'ഛിന്നഗ്രഹങ്ങള്‍' എന്ന പേരില്‍ ഇപ്പോഴും നില്ക്കുന്നത്.