AVG Views
നാനോ ടെക്‌നോളജി- നേട്ടങ്ങളും കോട്ടങ്ങളും/

നാനോ ടെക്‌നോളജി- നേട്ടങ്ങളും കോട്ടങ്ങളും

ലോകം ഇന്നു നേരിടുന്ന പല പ്രശ്‌നനങ്ങളും നാനോ ടെക്‌നോളജിയുടെ അനന്തസാധ്യതകളെ ഉപയോഗപ്പെടുത്തി ദൂരീകരിക്കുവാന്‍ സാധിക്കും. അവയില്‍ പ്രധാനപ്പെട്ടവ പരിശോധിക്കാം.

ശുദ്ധജല സംരക്ഷണം

ആരോഗ്യമുള്ള ഒരു ജനതയാണല്ലോ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ജലജന്യരോഗമാണ് എണ്‍പതു ശതമാനം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മൂലഹേതു. നാനോ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ബാക്ടീരിയ, വൈറസ്, രാസവസ്തുക്കള്‍ എന്നിവയില്‍ നിന്നും വിമുക്തമായ ശുദ്ധജലം വളരെ കുറഞ്ഞ ചിലവില്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കും.

ഭക്ഷ്യസുരക്ഷ

നാനോ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള വിളകളുടെ സംരകക്ഷണം കീടനാശിനികള്‍ ഉപയോഗിക്കുന്നതുപോലെ ഹാനികരമല്ല. വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന നെല്ലിനം നാനോ പരീക്ഷണങ്ങളില്‍ നിന്നും ഇതിനകം ഉരുത്തിരിഞ്ഞിട്ടുണ്ട്.

ആരോഗ്യം

മനുഷ്യശരീരം ഒന്നാകെ സ്‌ക്രീനിങ്ങിനു വിധേയമാക്കുവാന്‍ കെല്‍പുള്ള 'ബയോചിപ്പുകള്‍' നാനോ ടെക്‌നോളജിയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ചു മനുഷ്യശരീരത്തിലെ രോഗാവസ്ഥയെ വളരെ വേഗത്തില്‍ കണ്ടുപിടിക്കാം. ബ്രസ്റ്റ് കാന്‍സര്‍, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കു നാനോ ഡയഗ്‌നോസിസ് ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനാവുമെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്.

ഊര്‍ജം

വൈദ്യുതി നിര്‍മിക്കുവാനും ശേഖരിക്കുവാനും നാനോ കണങ്ങള്‍ ഉപയോഗപ്പെടുത്താം. ചുരുങ്ങിയ വിലയ്ക്ക് വിന്യസിക്കുവാന്‍ സാധിക്കുന്ന സോളാര്‍ സെല്ലുകള്‍ ഇതിനായി വികസിപ്പിച്ചെടുക്കാം.

പരിസ്ഥിതി

കരയിലെയും പുഴയിലെയും, കായലിലെയും വെള്ളത്തിലുള്ള മലിനീകരണം നാനോ കണങ്ങള്‍ ഉപയോഗപ്പെടൂത്തി തടയുവാന്‍ സാധിക്കും. വ്യവസായ മേഖലകളില്‍ രാസവസ്തുക്കളും ജലംകൊണ്ടു. പുഴ അശുദ്ധമാക്കപ്പെടുന്നതു സാധാരണമാണ. എന്നാല്‍, ഇവയെ വിഘടിപ്പിക്കുവാന്‍ കഴിവുള്ള നാനോ കണങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. നാനോ ഉത്പാദനപ്രക്രിയകള്‍ പൊതുവെ പരിസ്ഥിതിസൗഹ്യ ദപരമാണ്.

നാനോ ടെക്‌നോളജി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെടണമെങ്കില്‍ അതെക്കുറിച്ച് അറിവുള്ള ഒരു സമൂഹം രൂപപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. എങ്കില്‍ മാത്രമേ നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന ഉത്പാദനത്തില്‍ പങ്കുചേരാനും ആ ഉത്പന്നങ്ങളുടെ ശരിയായ വിനിയോഗം ഉറപ്പാക്കുവാനും സാധിക്കൂ. ഇന്നേക്കു പരമാവധി 10 വര്‍ഷത്തിനുള്ളില്‍ നാനോ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒരു പുത്തന്‍ ലോകക്രമം തന്നെ സൃഷ്ടിക്കപ്പെടുമെന്നാണു പരക്കെയുള്ള വിശ്വാസം.

2015 ഓടു കൂടി അമേരിക്കയില്‍ നാനോ ഉത്പന്നങ്ങളും സര്‍വീസുകളും കുറഞ്ഞത് ഒരുലക്ഷം കോടി ഡോളറിന്റെ ബിസിനസ് ഉണ്ടാക്കുമെന്നാണു കണക്കുകൂട്ടല്‍ ഇന്ത്യയില്‍ നാനോ മേഖലയിലെ ഗവേഷണപഠനങ്ങള്‍ക്ക് 10 കോടി രൂപയായിരുന്നു മുന്‍പു ചിലവാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 100 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

കോട്ടങ്ങള്‍

മറ്റ് ഏതൊരു ശാസ്ത്രശാഖയുമെന്നപോലെ, നാനോ ടെക്‌നോളജിയും നേട്ടങ്ങള്‍ക്കൊപ്പം ചില പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. സിലിക്കണ്‍ യുഗം പിറന്നതോടുകൂടി ഭീമാകാരങ്ങളായ കമ്പ്യൂട്ടറുകളുടെ വലുപ്പം ചുരുങ്ങി ചുരുങ്ങി കൈപ്പിടിയിലൊതുക്കാവുന്ന സ്ഥിതിയിലേക്കു മാറിയതു നാം കണ്ടു. അങ്ങനെ വലുതു ചെറുതിനു വഴിമാറി. ഇന്നിതാ ചെറുത് വീണ്ടും ചെറുതായി ആറ്റത്തോളം ചുരുങ്ങുന്നു. സ മയം സംജാതമായിരിക്കുന്നു. അതാണു പുതുതായി പിറവിയെടുക്കുന്ന 'നാനോ യുഗം'.

ആറ്റമിക് തലത്തിലുള്ള വ്യതിയാനം കൊണ്ടു നിര്‍മിക്കപ്പെടുന്ന പദാര്‍ത്ഥങ്ങളും അവയുടെ ഉന്നത ഗുണനിലവാരവുമാണു നാനോ ടെക്‌നോളജിയെ ഏറെ ആകര്‍ഷകമാക്കുന്നത്. വാസ്തവത്തില്‍ ആറ്റമിക് ആറ്റമിക്തലത്തിലെത്തുന്നതോടുകൂടി വിവിധ ശാസ്ത്രശാഖകള്‍ ഒന്നാവുകയാണ്. അവയെ തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന ദുര്‍ബലമായ വേലിക്കെട്ടുകള്‍ സ്വയം തകരുകയാണ്.

ആറ്റങ്ങള്‍ കൂട്ടിവെച്ചു നാനോ പദാര്‍ത്ഥങ്ങള്‍ സൃഷ്ട്ിക്കുകയും അവയുടെ ഉപയോഗം മൂലം നാനോ ടെക്‌നോളജി വളരുകയും ചെയ്യുന്നു. ഈ ടെക്‌നോളജി ഏറെ കാര്യക്ഷമമാണ്. അതുകൊണ്ടുതന്നെ വളരെ കുറച്ചു വസ്തുക്കളും കുറഞ്ഞ സമയവും കൊണ്ടു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ അതിനു കഴിയും.

ലോകത്ത് ഇന്നേവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള സാങ്കേതിക വിദ്യകള്‍ക്കൊക്കെതന്നെയും രണ്ടു വശമുണ്ട്. എന്നു കാണുവാന്‍ സാധിക്കും. അവയൊക്കെ ഏറെ ഗുണകരവും അതോടൊപ്പം ദോഷകരവുമായ ഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. ''നാനോ ടെക്‌നോളജി'ക്കുംഇതേപോലെ ഗുണവും ദോഷവുമുണ്ട്.

നാനോ പദാര്‍ത്ഥങ്ങളുടെ വര്‍ധിച്ച ഉത്പാദനം, ഹാനികരമായ ഉപോത്പന്നത്തിന് വഴിതെളിക്കില്ല. എങ്കില്‍പോലും, മാലിന്യസ്യഷ്ടിക്കു കാരണമാകും. നാനോ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്ന നാനോ കണങ്ങളെല്ലാം പ്രകൃതിയിലാണ് അവസാനം വന്നണയുക. പ്രകൃതി അവയെ എപ്രകാരം ഉള്‍ക്കൊള്ളും? ജൈവ മണ്ഡലം അവയോട് എപ്രകാരം പ്രതികരിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്.

നാനോ കണങ്ങള്‍ നമ്മുടെ അന്തരീക്ഷവായുവിലും, ജലത്തിലുമൊക്കെ കലരാം. ഭക്ഷ്യശൃംഖലയില്‍ എത്തിപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം നാനോ കണങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിന്റെ അനന്തരഫലമെന്താണെന്ന് ഏറെ സൂക്ഷ്മതയോടെ പഠിക്കേണ്ടതുണ്ട്. ശരീരത്തിലെ അവയവങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ക്ക് അവ കാരണമായിത്തീരും എന്നും നാം അറിയണം. ഈ വിഷയം സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്ന നാനോ സയന്‍സിന്റെ ഉപവിഭാഗമാണു 'നാനോ വിഷചികിത്സാ ശാസ്ത്രം' അഥവാ 'നാനോ ടോക്‌സിക്കോളജി',

നാനോ പദാര്‍ത്ഥങ്ങള്‍ ഊര്‍ജനിബിഡമായതിനാല്‍, ഭാവിയില്‍ നാനോ സാങ്കേതികവിദ്യ യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാനുള്ള സാധ്യതയും ഏറെയാണ്. പെട്ടെന്നു പൊട്ടിത്തെറിക്കുക, കത്തിക്കയറുക ഈ സ്വഭാവവിശേഷങ്ങള്‍ ഉള്‍പ്പെടുത്തുവാനാകുമെന്നതിനാല്‍, ബാലിസ്റ്റിക് മിസൈലുകളിലും റോക്കറ്റുകളിലുമൊക്കെ നാനോ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുവാനുള്ള സാധ്യത വളരെയേറെയാണ്. നാനോ പദാര്‍ത്ഥങ്ങളെ ഉപയോഗപ്പെടുത്തി അതികാഠിന്യമുള്ള വസ്തുക്കള്‍ നിര്‍മിക്കാം. ഇതു യുദ്ധോപകരണങ്ങളുടെ നിര്‍മിതിയില്‍ വ്യാപകമായി ഉപയോഗപ്പെടുത്തുവാനുള്ള സാധ്യതയും ഏറെയാണ്.

ജൈവപദാര്‍ത്ഥങ്ങളും, വൈറസുകളും കൂടിചേര്‍ന്ന നാനോ കണങ്ങളുടെ ദീര്‍ഘദൂര വിക്ഷേപണം തീര്‍ച്ചയായും ഇന്നത്തെ സംഘര്‍ഷഭരിതമായ ലോകത്തില്‍, നാനോ ടെക്‌നോളജിയെ കൂടുതല്‍ അപകടകരമാക്കും. മേല്പറഞ്ഞ കാര്യങ്ങള്‍കൊണ്ടു നാനോടെക്‌നോളജി ആധുനിക മാനവസമൂഹത്തിന് അഭികാമ്യമല്ലെന്നല്ല വിവക്ഷിക്കുന്നത്. മറ്റു പല ടെക്‌നോളജിക്കുമെന്ന പോലെ ഇതിനും രണ്ടു വശങ്ങളുണ്ടെന്നുമാത്രം.

Tags:
Related Post