AVG Views
ചുഴലിക്കാറ്റ് അഥവാ ടൊര്‍ണാഡോ/

ചുഴലിക്കാറ്റ് അഥവാ ടൊര്‍ണാഡോ

ആധുനിക സമൂഹത്തിന് എന്നും പേടിസ്വപ്നമാണ് ഭീകരാക്രമണങ്ങള്‍. നിനച്ചിരിക്കാത്ത സമയത്ത്, ഞൊടിയിടയ്ക്കുളളില്‍ തികച്ചും അപ്രതീക്ഷിതമായാണ് ഇവയില്‍ പലതും സംഭവിക്കുന്നത്. എപ്പോള്‍? എവിടെ? സംഭവിയ്ക്കുമെന്നോ എന്താണ് ലക്ഷ്യമെന്നോ മുന്‍കൂട്ടി പ്രവചിക്കുവാന്‍ പലപ്പോഴും നമുക്കു കഴിയാറില്ല. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ ഭീകരാക്രമങ്ങളെ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും തീരെ ഫലവത്താകാറുമില്ല.

മേല്‍വിവരിച്ച എല്ലാവിധ 'ഭീകരാക്രമണ സ്വഭാവ'വിശേഷങ്ങളോടും കൂടിയ ഒരു പ്രകൃതിപ്രതിഭാസമാണ് ചുഴലിക്കാറ്റ്. സാധാരണ ഏതാനും മിനിറ്റുകള്‍ മാത്രമേ ഇവ നീണ്ടുനില്ക്കാറുള്ളു. എപ്പോള്‍? എ വിടെ സംഭവിക്കുമെന്നു മുന്‍കൂട്ടി പ്രവചനം സാധ്യമല്ലതാനും. ഏറെ പ്രത്യേകതകളുളള ഈ പ്രകൃതി പ്രതിഭാസത്തെക്കുറിച്ചുള്ള ശാസ്ത്രവിശകലനമാണ് ഇന്നത്തെ ശാസ്ത്രപഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മുന്‍ലക്കത്തില്‍ വിശദമായി പ്രതിപാദിച്ച ഇടിമിന്നല്‍ എന്ന പ്രതിഭാസത്തിനു കാരണമാകുന്ന 'കുമുലോനിമ്പസ്' മേഘങ്ങളില്‍ നിന്നും ചുറ്റിത്തിരിഞ്ഞു ഭൂമിയിലേക്കെത്തുന്ന അതിശക്തമായ കാറ്റുകളാണ് 'ചുഴലിക്കാറ്റുകള്‍' അഥവാ 'ടൊര്‍നാഡോകള്‍'. നിമിഷനേരം കൊണ്ട് ഏതൊരു പ്രദേശത്തെയും ഛിന്നഭിന്നമാക്കി, വന്‍നാശനഷ്ടം വാരിവിതച്ച് കടന്നുപോകുവാന്‍ കെല്പ്പുള്ളവയാണ് അവ. മണിക്കൂറില്‍ 300 മുതല്‍ 400 കിലോമീറ്റര്‍ വരെയാണ് സഞ്ചാരവേഗത.

ഏറെ ചൂടും തണുപ്പും അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ അതിര്‍ത്തിക്കടുത്തുളള മേഘങ്ങളില്‍ നിന്നുമാണ് ചുഴലിക്കാറ്റുകള്‍ ജന്മം കൊള്ളുന്നത്. ഉദാഹരണത്തിന് ഇംഗ്ലണ്ടിലും യു.എസിലെ 'കന്‍സായ്' പ്രദേശങ്ങളിലും ഇവ സ്ഥിരമായി കണ്ടുവരുന്നു. വര്‍ഷത്തില്‍ ആയിരം ചുഴലിക്കാറ്റുകള്‍വരെ ഈ പ്രദേശത്തുനിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ ശക്തമായ ചുഴലിക്കാറ്റുകള്‍ കൂടുതലായി കാണപ്പെടുന്നത് മധ്യഅമേരിക്കയിലാണ്. ചൂടേറിയ വായുവിന്റെ കൂട്ടം മഴമേഘങ്ങള്‍ക്കു മുകളില്‍ ചുറ്റിത്തിരിയുകയും, ഈ മേഖലയിലേക്ക് പെട്ടെന്ന് വായു വലിച്ചെടുക്കുകയും ചെയ്യുന്നതോടു കൂടിയാണ് ഭൂമിയുടെ പ്രതലംവരെ വ്യാപിക്കപ്പെടുന്ന ചുഴലിക്കാറ്റുകള്‍ ജന്മം കൊള്ളുന്നത്. സര്‍വനാശം വിതറിയും സംഹാരതാണ്ഡവമാടിയും കടന്നുപോകുന്ന ഇത്തരം ചുഴലിക്കാറ്റുകളുടെ തീവ്രതയെ ' കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനും 'ഫ്യൂജിറ്റ പട്ടിക'യാണ് ഉപയോഗിക്കുന്നത്. ഫ്യൂജിറ്റാ പട്ടികയില്‍ Fo മുതല്‍ F6. വരെ, അതായത് ഏറ്റവും ശക്തി കുറഞ്ഞതു മുതല്‍ ഏറ്റവും ശക്തികൂടിയതു വരെയുളള ചുഴലിക്കാറ്റുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

1990-ല്‍ യു.എസിലെ കന്‍സായി പ്രദേശത്ത് ആഞ്ഞടിച്ച ഒരു ചുഴലിക്കാറ്റ് 88 ബോഗികളുണ്ടായിരുന്ന ഒരു ട്രെയിനിന്റെ പാളത്തില്‍ നിന്നുയര്‍ത്തി കുറച്ചകലെയായി കുട്ടിയിടുകയുണ്ടായി. 1879 ല്‍ ഈ പ്രദേശത്തു തന്നെ മറ്റൊരു ചുഴലിക്കാറ്റ് ഒരു പുഴയ്ക്ക് കുറുകേ നിര്‍മ്മിച്ചിരുന്ന ഒരു ഇരുമ്പുപാലം പിഴുതെടുക്കുകയും അതോടൊപ്പം നദിയിലെ ജലവും ആവാഹിച്ചെടുക്കുകയും അങ്ങനെ നദി വറ്റി വരണ്ടുപോകുകയും ചെയ്തു.

ഇഴകള്‍ പിരിച്ച ഒരു കയറിന്റെ തുമ്പത്ത് ഒരു മണി തലകീഴായി കെട്ടിയിടുന്നതുപോലെ, അഥവാ ഒരു ഫണലിന്റെ ആ കൃതിയാണ് ചുഴലിക്കാറ്റുകള്‍ക്ക്. ഫണലിന്റെ മധ്യഭാഗത്തിന് 50 അടി മുതല്‍ 100 അടി വരെ വ്യാസമുണ്ടായിരിക്കും. മുകളിലേക്ക് ഒന്നോ ഒന്നരയോ മൈല്‍ വരെയാണ് സാധാരണ ഉയരം. അതിശക്തമായ ചുറ്റിത്തിരിയല്‍ മൂലം അന്തരീക്ഷവായുവിലെ മര്‍ദത്തിലുണ്ടാകുന്ന ശക്തമായ പ്രതിക രണം മൂലമാണ് സഞ്ചാരപഥത്തിലുടനീളം സംഹാരതാണ്ഡവമാടാനുള്ള ശക്തി അവയ്ക്ക് കൈവരിക്കുവാനാവുന്നത്. വായുവിന്റെ ശക്തമായ ചുറ്റിത്തിരിയലിലൂടെ ഒരു കുഴല്‍ പോലെ ഭൂമിയിലേക്ക് വ്യാപിക്കുന്ന ചുഴലിക്കാറ്റുകള്‍ ഭൂമിയുടെ പ്രതലത്തിനു സമീപം എത്തുന്നതോടു കൂടി ഫണല്‍പോലെ വ്യാപിക്കുന്നു. പ്രധാന ചുഴലിക്കാറ്റിനു സമീപം ധാരാളം ചെറുചുഴലിക്കാറ്റുകള്‍ ജന്മം കൊള്ളുകയും നശിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇതു മൂലമാണ് ചുഴലിക്കാറ്റുകള്‍ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതോടുകൂടി ഫണല്‍ ആകൃതി കൈക്കൊള്ളുന്നതും, അനുബന്ധമായി വിസില്‍ ശബ്ദം പുറപ്പെടുവിക്കുന്നതും.

ഒരു ക്ലോക്കിന്റെ സൂചികള്‍ ചലിക്കുന്ന ദിശയുടെ എതിര്‍ദിശയിലായിരിക്കും സാധാരണയായി ചുഴലിക്കാറ്റുകള്‍ചുറ്റിത്തിരിയുന്നത്. എന്നാല്‍ അവ ഭൂമിയിലെത്തുന്നതോടുകൂടി സൃഷ്ടിക്കപ്പെടുന്ന ചെറുചുഴലിക്കാറ്റുകള്‍ പല ദിശകളിലും ചുറ്റിക്കറങ്ങുകയും അത് വിസില്‍ ശബ്ദം പുറപ്പെടുവിക്കുന്നതിന് കാരണമായി തീരുകയും ചെയ്യുന്നു.

ചുഴലിക്കാറ്റുകളുടെ പ്രഹരം സാധാരണവിശാലമായ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിക്കാറില്ല. പ്രത്യുത തികച്ചും പ്രാദേശികമായിരിക്കും. സഞ്ചാരപഥത്തിന് സാധാരണ നാലോ അഞ്ചോ മീറ്റര്‍ വീതിയുംഏതാനും മൈലുകള്‍ നീളവും മാത്രമെ ഉണ്ടായിരിക്കുകയുള്ളു. പക്ഷേ സഞ്ചാരപഥത്തിലുടനീളം സര്‍വനാശം വിതറിയാണ് അവ കടന്നുപോകുക കെട്ടിടങ്ങള്‍ ഒന്നാകെ തകര്‍ക്കപ്പെടുകയോ, അപ്പാടെ പിഴുതെടുത്ത് ദൂരസ്ഥലത്തേക്ക് എറിയപ്പെടുകയോ ചെയ്യാം. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് ചുഴറ്റിയെടുത്ത് ക്ലാസു മുറിക്കുള്ളിലേക്ക് എറിയപ്പെട്ട സംഭവവും, വീടിനുള്ളില്‍ സൂ ക്ഷിച്ചിരുന്ന അച്ചാര്‍കുപ്പി 25 കിലേമീറ്ററോളം ദൂരം കേടുപാടുകൂടാതെ ചുഴലിക്കാറ്റ് ആവാഹിച്ചു കൊണ്ടുപോയ സംഭവവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാരുടെ വിലയിരുത്തല്‍ പ്രകാരം 160 മൈല്‍ സ്പീഡില്‍ ചുറ്റിത്തിരിയുന്ന ഒരു ചുഴലിക്കാറ്റിന് 30 Sണ്ണിലേറെ ഭാരമുള്ള വസ്തുവിനെയും, 300 മൈല്‍ സ്പീഡുള്ള ചുഴലിക്കാറ്റിന് 100 ടണ്ണിലേറെ ഭാരമുള്ള വസ്തുവിനെയും ചുഴറ്റിയെറിയുവാന്‍ സാധിക്കും.

ലോകത്തിലെ ഒരു പ്രദേശവും പൂര്‍ണമായും ചുഴലിക്കാറ്റിന്റെ ആക്രമണത്തില്‍ നിന്നും വിമുക്തമല്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ സാധ്യത ഏറിയും മറ്റു ചില പ്രദേശങ്ങളില്‍ സാധ്യത കുറഞ്ഞുമിരിക്കും. ഉദാഹരണത്തിന് ആഫ്രിക്കയുടെ ഭൂപ്രദേശത്ത് ചുഴലിക്കാറ്റുകള്‍ തീര്‍ത്തും വിരളമാണ്. ഇന്ത്യന്‍ ഭൂപ്രദേശത്ത് ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. എങ്കിലും ഏറെ ശക്തമായി ഭീകരാവസ്ഥ കൈവരിക്കുന്നത് വിരളമാണ്. യൂറോപ്യന്‍ ഭൂഖണ്ഡങ്ങള്‍, ബ്രിട്ടീഷ് ഐലന്റുകള്‍ എന്നിവിടങ്ങളില്‍ വര്‍ഷംതോറും ശരാശരി 30 ചുഴലിക്കാറ്റുകള്‍ വീതമെങ്കിലും സൃഷ്ടിക്കപ്പെടാറുണ്ട്. കൂടുതല്‍ ചുഴലിക്കാറ്റുകള്‍, അതായത് വര്‍ഷംതോറും 700 നും 1150നുമിടയ്ക്ക് സൃഷ്ടിക്കപ്പെടാറുള്ളത് യു.എസിലാണ്. ഇവയില്‍ 20% ത്തിലേറെ വിനാശകാരികളും ഒരു ശതമാനം അതിശക്തവും ഭീകരവുമാണ്. 1925 ല്‍ അമേരിക്കന്‍ ഭൂപ്രദേശത്ത് ആഞ്ഞടിച്ച ഒരു ചുഴലിക്കാറ്റില്‍ 689 പേര്‍ മരണമടയുകയുണ്ടായി.

ലോകത്തില്‍ ചുഴലിക്കാറ്റിന്റെ ആക്രമണം ഏറ്റവുമധികം അനുഭവപ്പെടുന്ന പ്രദേശമാണ് 'ടൊര്‍നാഡോ അലൈ', മെക്‌സിക്കന്‍ ഉള്‍ക്കടല്‍ പ്രദേശത്തുനിന്നും ചൂടുള്ള വായുവും കാനഡയില്‍ നിന്നുള്ളഏറെ തണുത്ത വായുവും കൂടിച്ചേര്‍ന്ന് റോക്കിസ് പര്‍വതനിരകളുടെ സ്വാധീനത്താല്‍ ഗതി നിയന്ത്രിക്കപ്പെടുന്ന ഏകദേശം 460 മൈല്‍ നീളവും 430 മൈല്‍ വീതിയുമുള്ള പ്രദേശമാണ് 'ടൊര്‍നാഡോ അലൈ', അമേരിക്കയിലെ മൂന്ന് പ്രധാന സ്റ്റേറ്റുകളായ ടെക്സാസ്, ഒക്ലഹോമ, കന്‍സാസ് എന്നിവ ചുഴലിക്കാറ്റുകള്‍ ആഞ്ഞടിക്കാറുള്ള പ്രദേശങ്ങളാണ്. ഇടിമിന്നലുകള്‍ പ്രധാനമായും ഉച്ചകഴിഞ്ഞുള്ള സമയത്താണ് സംഭവിക്കുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ ആക്രമണം ഏതു സമയത്തും സംഭവിക്കാം.

ചുഴലിക്കാറ്റുകള്‍ ചുറ്റിത്തിരിയുന്ന ദിശയും, അവയുടെ സഞ്ചാരപഥവും തിട്ടപ്പെടുത്തുന്നത് 'ഡോപ്ലര്‍ റഡാറുകളുടെ സഹായത്തോടുകൂടിയാണ്. ആധുനിക ഡോപ്ലര്‍ റഡാറുകള്‍ക്ക് ചുഴലിക്കാറ്റുകള്‍ പൂര്‍ണമായും രൂപികൃതമാകുന്നതിന് 30 മിനിറ്റ് മുന്‍പുവരെ അവരുടെ സ്വഭാവവിശേഷണങ്ങളെക്കുറിച്ചു സഞ്ചാരദിശയെക്കുറിച്ചും വിവരങ്ങള്‍ കൈമാറുവാന്‍ കഴിയും. കൂടാതെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടുകൂടിയും ചുഴലിക്കാറ്റുകളെക്കുറിച്ച് നമുക്ക ഏറെ മനസിലാക്കുവാന്‍ സാധിക്കും

Tags:
Related Post