AVG Views
ചാകരയും കേരളവും/

ചാകരയും കേരളവും

ചാകര....ചാകര...കടപ്പുറത്തിനുത്സവമായ്... ചാകര.... എന്ന ചെമ്മീനിലെ ഗാനം കേള്‍ക്കാത്തവരോ ആസ്വദിക്കാത്തവരോ ആയ മലയാളികളുമുണ്ടോ?എന്നാല്‍ കേരളമൊഴികെ ലോകത്തിന്റെ മറ്റൊരു കടല്‍തീരപ്രദേശത്തും ഉണ്ടാവാത്ത ഈ അത്ഭുത പ്രതിഭാസം എന്താണ.് ഇതേക്കുറിച്ചുള്ള ഒരു വിശകലനമാണ് ഇന്നത്തെ ശാസ്ത്ര പഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തീരപ്രദേശത്തോടു ചേര്‍ന്ന് കരയില്‍ നിന്നും കടലിലേക്ക് 4 മുതല്‍ പരമാവധി 6 കി.മീ വരെ ദൂരത്തിലും അര്‍ദ്ധവൃത്താകൃതിയിലുമാണ് സാധാരണ ചാകര പ്രത്യക്ഷപ്പെടാറുള്ളത്. ഈ പ്രദേശത്തെ കടല്‍ ജലം കൂടുതല്‍ ഇരുണ്ടതും എക്കല്‍ മണ്ണ് കൂടികലര്‍ന്നതുമായി കാണപ്പെടുന്നു.

ചാകര പ്രത്യക്ഷപ്പെടുന്നതോടുകൂടി ആ പ്രദേശത്തെ കടല്‍ ശാന്തസ്വഭാവം കൈവരിക്കുന്നതായി കാണാം. ശക്തമായ തിരമാലകളോ ജലപ്രവാഹമോ സാധാരണ കാണാറുമില്ല. തീരപ്രദേശത്തെ ജനങ്ങളുടെ, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പട്ടിണിയും വറുതിയും വഴിമാറുന്നതിനുതകുന്നതും മത്സ്യക്കൊയ്ത്തിനു അവസരമൊരുക്കുന്നതുമായ ഈ പ്രതിഭാസത്തിന് അവര്‍ നല്കിയിട്ടുള്ള ഓമനപ്പേരാണ് ചാകര.

സ്ഥലവും കാലവും

ചാകരയുടെ ഏകദേശ കാലയളവ് 2 മുതല്‍ 3 വരെ മാസമാണ്. ലോകത്തെമ്പാടുമുള്ള മറ്റു തീരപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ തീരപ്രദേശത്തു മാത്രമേ ഇവകാണപ്പെടുന്നുള്ളൂ. എങ്കില്‍പോലും, നമ്മുടെ തീരപ്രദേശത്തിന്റെ എല്ലാ ഭാഗത്തും ഒരേ പോലെ ചാകര പ്രത്യക്ഷപ്പെടാറില്ല. കേരളത്തിന്റെ ആകെയുള്ള 560 കി.മീ കടല്‍ പ്രദേശത്ത്, കൊല്ലത്തിനും കോഴിക്കോടിനുമിടയിലുള്ള 270 കി.മീ ദൂരത്തിനുള്ളില്‍ വരുന്ന ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രമേ ഈ പ്രതിഭാസം കാണപ്പെടാറുള്ളു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പ്രദേശങ്ങളാണ് കൊച്ചിക്ക് വടക്കുള്ള ഞാറയ്ക്കല്‍, ആലപ്പുഴയ്ക്കു തെക്കുള്ള 'പുറക്കാട്ട്' എന്നീ തീരങ്ങള്‍. ഇതുകൂടാതെ മുന്‍കാലങ്ങളില്‍ കൊല്ലത്തിനടുത്ത് പന്തലായാനി (1938), കോഴിക്കോട് (1937,1960), ബേപ്പൂര്‍(1937), വെളിയന്‍കോട് (1930), നാട്ടിക(1968), കൊച്ചിക്കു തെക്കുള്ള പ്രദേശങ്ങള്‍ (1966), അമ്പലപ്പുഴ (1965, 1966, 1968), തൃക്കുന്നപ്പുഴ (1898,1902) എന്നിവിടങ്ങളിലും ചാകര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍, കാലവര്‍ഷത്തോടനുബന്ധിച്ചാണ് സാധാരണ ചാകര പ്രത്യക്ഷമാകാറുള്ളത്. പരമാവധി സെപ്റ്റംബര്‍ അവസാനത്തോടുകൂടി അല്ലെങ്കില്‍ ഒക്ടോബര്‍ ആരംഭത്തോടു കൂടി. ചാകരമൂലം പ്രദേശത്തെ എക്കല്‍ ശേഖരം വീണ്ടും കടലിന്റെ അടിത്തട്ടിലേക്കു നിക്ഷേപിക്കപ്പെടുകയും ശക്തമായ തിരമാലകള്‍ പുനര്‍ജനിക്കുകയും ചെയ്യും. അങ്ങനെ വീണ്ടുമൊരു ചാകര വന്ന ണയുംവരെ മറ്റ് കടല്‍ പ്രദേശങ്ങളുമായി സമാനതകള്‍ കൈവരിക്കുകയും ചെയ്യും. ലോകത്തിലെ അത്യപൂര്‍വമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രതിഭാസത്തെ കുറിച്ച് സമഗ്രവും വസ്തുനിഷ്ഠവുമായ പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല എന്നതാണ് വാസ്തവം. കൊച്ചി തുറമുഖത്തെ ചീഫ് എഞ്ചിനീയറായിരുന്ന ഡോ.ബ്രിസ്‌ടോയാണ് 1937ല്‍ ഈ വിഷയത്തെ സംബന്ധിച്ച് ആദ്യ ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നലികിയത്. ഞാറയ്ക്കല്‍ പ്രദേശത്തെ ചാകരയുടെ സ്വഭാവവിശേഷണങ്ങളും, സമീപപ്രദേശങ്ങളില്‍ അതിന്റെ പ്രതിഫലനവും, കൊച്ചി തുറമുഖത്ത് നിക്ഷേപിക്കപ്പെടുന്ന എക്കല്‍ മണ്ണിന്റെ അളവും, അതുളവാക്കുന്ന പ്രത്യാഘാതങ്ങളുമാണ് അദ്ദേഹം പഠനവിഷയമാക്കിയത്. പിന്നീട്, തൃശൂര്‍ ജില്ലയിലെ പിച്ചിയില്‍ സ്ഥിതിചെയ്യുന്ന എഞ്ചിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചാകരയുടെ ഘടന യെക്കുറിച്ച് പഠനങ്ങള്‍ നടത്തി. ചാകര രൂപപ്പെടുന്നതോടനുബന്ധിച്ച് കടല്‍ ജലത്തില്‍ സംഭവിക്കുന്ന ഭൗമ-രാസ-ഭൗതിക പരിണാമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യതിയാനങ്ങളെക്കുറിച്ചും നാഷണല്‍ ഇന്‍ സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും പഠനങ്ങള്‍ നടത്തി

ചാകര- ഒരു ശാസ്ത്ര വിശകലനം

കാലവര്‍ഷം, തുലാവര്‍ഷം എന്നിങ്ങനെ ശക്തമായ രണ്ടു മണ്‍സൂണ്‍ കാലഘട്ടങ്ങളും അവ ജന്മം നല്കിയ 44 നദികളും നമുക്കുണ്ട്. വെറും 70 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ മൂന്നായി തിരിക്കപ്പെട്ടിട്ടുള്ളതും ഏറെ ചെരിവോടു കൂടിയതുമായ ഒരു പ്രദേശവും, 580 കി.മി ദൂരത്തിലേറെ വ്യാപിച്ചു കിടക്കുന്ന കടല്‍തീരവും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഓരോ മണ്‍സൂണ്‍ കാലയളവിലും, ഏറെ ചരിവോടുകൂടിയ ഒരു പ്രദേശത്തുകൂടി പടിഞ്ഞാറോട്ട് ഒഴുകുന്ന നമ്മുടെ 41 പുഴകളും കൂടി കടലില്‍ നിക്ഷേപിക്കുന്നത് കോടിക്കണക്കിന് ടണ്‍ എക്കല്‍ മണ്ണാണ്.

കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടുകൂടി നമ്മുടെ തീരപ്രദേശത്ത് സാധാരണ കടലാക്രമണവും രൂക്ഷമാകുന്നു. ഇതോടൊപ്പം വന്‍ സമുദ്ര ജലപ്രവാഹങ്ങളും ഊര്‍ജ്ജ നിബിഡമായ തിരമാലകളും സൃഷ്ടിക്കപ്പെടുന്നു. ഇവ കടലിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന എക്കല്‍ കൂമ്പാരത്തെ വീണ്ടും തീരപ്രദേശത്തെ കടലിന്റെ ഉപരിതലത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്നു. എക്കല്‍ സമ്പന്നമായ ഈ പ്രദേശത്ത കടല്‍ ജലത്തിന്റെ രാസഘടനയിലും, തിരമാലകളുടെ ഭൗതിക സ്വഭാവവിശേഷത്തിലും ഇത് പ്രകടമായ വ്യതിയാനമാണ് വരുത്തുന്നത്. ഈ പ്രദേശത്തെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്ന പ്രധാനഘടകവും ഇതുതന്നെ. അങ്ങനെ കടപ്പുറത്തെ മത്സ്യബന്ധനമേഘഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഉത്സവഛായ കൈവരുന്നു.

ചാകര എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ഒരു സമഗ്രപഠനത്തില്‍ പ്രധാനമായും 3 ഘടകങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

1. ഓരോ മണ്‍സൂണ്‍ കാലഘട്ടത്തിലും കേരളതീരത്ത് നമ്മുടെ 41 പുഴകളാല്‍ നിക്ഷേപിക്കപ്പെടുന്ന എക്കല്‍മണ്ണിന്റെ അളവ്, അവ കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന പ്രദേശങ്ങള്‍ തുടങ്ങിയ പ്രാഥമിക വസ്തുതകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതും വിശദവും സമഗ്രവുമായ ഭൗമശാസ്ത്ര പഠനങ്ങള്‍. 2. കടല്‍ ജലത്തില്‍ എക്കല്‍മണ്ണ് വരുത്തുന്ന രാസഘടനാവ്യതിയാനം ചാകര പ്രദേശത്ത് അടിഞ്ഞുകൂടുന്ന വന്‍ മത്സ്യസമ്പത്തിന് ഈ രാസഘടനാ വ്യതിയാനവുമായി അഭേദ്യ ബന്ധമുണ്ട്. 3. ചാകര പ്രദേശത്തെ കടല്‍ ജലത്തിലുണ്ടാകുന്ന ഭൗതികമാറ്റം, തിരമാലകളുടെ സ്വഭാവവിശേഷത്തില്‍ വരുന്ന മാറ്റം പ്രത്യേകിച്ച് ശക്തമായ തിരമാലകളുടെ അപ്രത്യക്ഷമാകല്‍ തുടങ്ങിയ കാര്യങ്ങള്‍.

മേല്‍പറഞ്ഞ 3 സുപ്രധാന ഘടകങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതും വര്‍ഷങ്ങളോളം നീണ്ടുനില്ക്കുന്നതുമായ സമഗ്രപഠനത്തിലൂടെ മാത്രമേ ഈ അത്ഭുതപ്രതിഭാസത്തെക്കുറിച്ച് പൂര്‍ണമായും മനസ്സിലാക്കുവാന്‍ സാധിക്കു.

ചാകരയുടെ സ്വഭാവവിശേഷങ്ങള്‍

തീരത്തുനിന്നും കടലിലെ ചാകരപ്രദേശത്തെ വീക്ഷിക്കുന്ന ഒരു വ്യക്തിക്ക് താരതമ്യേന ശാന്തവും, ശക്തിയേറിയ തിരമാലകളില്ലാത്തതുമായ ഒരു പ്രദേശമാണ് വീക്ഷിക്കുവാന്‍ സാധിക്കുക. അതേ സമയം ചാകരപ്രദേശത്തിന്റെ അതിരുകളിലും അതിനപ്പുറവും ശക്തിയേറിയ തിരമാലകള്‍ ദര്‍ശിക്കുവാന്‍ സാധിക്കും. കളിമണ്ണിന്റെയും മേല്‍മണ്ണിന്റെയും ധാരാളം സൂക്ഷ്മ കണികകള്‍ ഉള്‍ക്കൊള്ളുന്ന എക്കല്‍ മണ്ണ് ചാകര പ്രദേശത്തെ ജലത്തിന് ശക്തമായ പച്ചപ്പ് പ്രദാനം ചെയ്യുന്നതായി കാണുന്നു. മാത്രമല്ല ഇവയില്‍ ഫോസ്‌ഫേറ്റിന്റെ അളവ് ഏറിയിരിക്കുന്നതായും എണ്ണമയം കലര്‍ന്നതായും കൂടി കാണപ്പെടുന്നു.

ചാകര അഴിമുഖത്തോ സമീപപ്രദേശങ്ങളിലോ ആണ് കണ്ടുവരുന്നത്. അവ പ്രത്യക്ഷപ്പെടുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന വ്യതിയാനമാണ് ഈ പ്രതിഭാസത്തിന്റെ മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ചാകര തുടരെ തുടരെ പ്രത്യക്ഷപ്പെടാറുള്ള ഞാറയ്ക്കല്‍ പ്രദേശത്ത് കഴിഞ്ഞ 100 വര്‍ഷകാലയളവിനുള്ളില്‍ ക്രമേണ 11.2 കി.മീ ദൂരം തെക്കോട്ട് അവ നീങ്ങിയതായി കാണുവാന്‍ കഴിയും. ചാകര പ്രത്യക്ഷപ്പെടുന്ന മറ്റൊരു പ്രദേശമായ ആലപ്പുഴ തീരപ്രദേശത്ത്, ആലപ്പുഴനിന്നും പുറക്കാട്ടെയ്ക്കും പിന്നീട് കൂടുതല്‍ തെക്കോട്ടും അവ നീങ്ങുന്നതായി കാണുന്നു. കൂടുതല്‍ സമയം പിന്നിടുന്നതോടുകൂടി ക്രമേണ അവ അപ്രത്യക്ഷമാവുകയും പുതിയവ ആലപ്പുഴ പ്രദേശത്ത് പ്രത്യക്ഷപ്പെടുകയുമാണ് പതിവ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഈ പ്രദേശത്തെ കടല്‍ ജലപ്രവാഹം തെക്ക് ദിശയിലാണെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഞാറയ്ക്കല്‍ പ്രദേശത്തെ ചാകരയുടെ തെക്കോട്ടുള്ള വ്യതിയാനം കൊച്ചി തുറമുഖത്തിന് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്

Tags:
Related Post